Sunday, February 19, 2012

വൈരുദ്ധ്യം



ഏറ്റവും അസഹ്യമായ
അസത്ത്  വാക്കേതെന്ന ചോദ്യത്തിന്‌
തെണ്ടി എന്ന് മന്ത്രിയും
മന്ത്രി എന്ന് തെണ്ടിയും
മറുപടി പറയുന്നു.
ദൈവം എന്ന് ചെകുത്താനും
ചെകുത്താൻ എന്ന് മതവും
മതം എന്ന് ദൈവവും
മറുപടി പറയുന്നു.
ഒരേ ചോദ്യത്തിന്‌, പലരും
പല ഉത്തരങ്ങളെഴുതുന്നതിനെയാണ്‌
ലോകമെന്നു വിളിക്കുന്നതെന്നറിയാതെ
കുട്ടികൾക്ക്,
വലിയ തെറ്റും തോൽവിയും വിധിക്കപ്പെടുന്നു.
അവർ പിന്നെ
സാറ ടീച്ചറിന്റെ തെറ്റും,
അഹമ്മദ് മാഷിന്റെ ശരിയും,
നമ്പൂതിരി മാഷിന്റെ വമ്പും പഠിച്ച്
ജയിച്ച് ജയിച്ച്
തോറ്റ് തോറ്റ്
മന്ത്രിയും തെണ്ടിയും
ദൈവവും ചെകുത്താനും
മതവും മധ്യസ്ഥനുമാകുന്നു.
 

Tuesday, February 14, 2012

ക്ലോസറ്റ്



ജനിതക സ്മൃതികളിലെവിടെയോ
ഒരു
കാടുജീവിതം ഉറഞ്ഞു കിടക്കുന്നതു കൊണ്ടാവും
നമുക്കീ ക്ലോസറ്റിലിരിക്കുമ്പോളേറെ
മർദ്ദം കൊടുക്കേണ്ടിവരുന്നത്
അല്ലെങ്കിൽ പിന്നെ
കാക്കയേയൊ പൂച്ചയേയൊ പോലെ
പറക്കുന്നതിനിടയിലോ, ഓടുന്നതിനിടയിലോ
ഇര തേടുന്ന കൺകൂർപ്പിലോ,
പമ്മിപ്പതിഞ്ഞ പഞ്ഞിനടത്തത്തിനിടയിലോ
ശടേന്ന് തൂറി
പണി തൂടർന്നേനെ നമ്മൾ.
സ്ലേറ്റും പെൻസിലും , കുട്ടിയും കോലും
പ്ലാവിലക്കുമ്പിളിൽ കുടിച്ച കഞ്ഞിയും
വയലും വീടും ആകാശവാണിയും
വാടക സൈക്കിളും
അരങ്ങും കെടിയും
നക്സലും ബലൂണും
പൂരവും
പൊട്ടാത്ത അമിട്ടും
അങ്ങനെയെന്തൊക്കെയോ ......
ഇപ്പൊഴും ദഹിക്കാതിരിക്കുന്നത് കൊണ്ടാവും
ലെയ്സും ഫ്രൂട്ടിയും
സ്പില്ബർഗ്ഗും ഫെയ്സ്ബുക്കും
മാളിലെ തണുപ്പും ചിരികളും
അങ്ങനെയെന്തൊക്കെയോ തൂറി
ഫ്ലഷ് ചെയ്യുമ്പോഴും
ഇനിയുമുണ്ടല്ലോ എന്ന ശങ്ക
ബാക്കിയാവുന്നത്




Sunday, January 29, 2012

അഗ്നിപുത്രൻ




തീചുണ്ടുകൾ കൊണ്ട്‌ നീയെന്നെ ചുംബിക്കുക
പ്രണയം കൊണ്ട്‌ പൊള്ളിക്കുക
കാമം കൊണ്ട്‌ ദഹിപ്പിക്കുക
ആ ഊഷമാവിൽ നാമുരുകുകയും
നാമല്ലാത്തതൊക്കെ ഉറയ്കുകയും ചെയ്യട്ടെ
നീലച്ചിറകുകളുള്ള ചിത്രശലഭങ്ങൾ
നിന്റെ തീമുടിച്ചുരുളുകളിൽ
ആ ചൂടിലും തേൻ തിരയട്ടെ
കാലുകളിലൂടെ ചുറ്റിപ്പടർന്ന്‌, ഒരു തളിർമുല്ല
നിന്റെ അരക്കെട്ടിൽ വസന്തം കാത്തു കിടക്കട്ടെ
എന്റെ അഗ്നിപർവതങ്ങൾ ഉദ്ദീപിച്ച്‌
പിറവിയുടെ താഴ്വരയിലേക്ക്‌
കത്തുന്ന ലാവയൊഴുക്കട്ടെ
അന്നേരമാ തളിർമുല്ല പൂക്കട്ടെ
തീക്കരുത്തു നിൻ ചെപ്പിൽ കുരുക്കട്ടെ

അവന്റെ കരുത്തിനായ്‌, തീ കെടുത്തി
അഗ്നി പർവ്വതങ്ങളെ ഉറങ്ങാൻ വിട്ട്‌
തണുത്ത കവിതകൾ ചൊല്ലി ഞാൻ ഷണ്ഡനായിടാം
അവനു പകർന്നിടാൻ , ചിത്രശലഭങ്ങളെപ്പായിച്ച്‌
തീമുടിചുരുളുകൾ താലോലിച്‌
നീയുള്ളിലെ തേൻകൂടു കാക്കുക

പൂത്തമുല്ലവള്ളിയും നീല ശലഭങ്ങളുമായവൻ
തീക്കരുത്തായി മണ്ണിൽ പിറക്കട്ടെ
മതിലുകൾ തകർത്തവൻ ഭൂമിയൊന്നാക്കട്ടെ
അടക്കിവെച്ചതൊക്കെയും നേടട്ടെ
എതിർത്തു നിന്നോരെ മണ്ണാക്കി മാറ്റട്ടെ
അവകാശിയായോരെ മണ്ണിൽ വാഴ്ത്തട്ടെ
തെരുവുകളിൽ നിന്നവൻ ദൈവത്തെ നേടട്ടെ
പ്രാർത്ഥനാലയങ്ങളിൽ ചെന്നു വ്യഭിചാരികളെ കാണട്ടെ
പുതിയ സമതലങ്ങളിലൊക്കെയും ചെന്നവൻ
കുന്നും വയലും വീണ്ടെടുത്തീടട്ടെ
ആണിൽ നിന്ന്‌ പെണ്ണിനേയും ,പിന്നെ
പെണ്ണിൽ നിന്ന്‌ ആണിനേയും കണ്ടെടുക്കട്ടെ
പ്രപഞ്ചമൊരൊറ്റ രാജ്യമാക്കട്ടെ
അധികാരമറിയാതെ രാജ്യം ഭരിക്കട്ടെ

പ്രിയേ...
അവന്റെ പിറവി വരെ നമുക്ക്‌
അഗ്നിപർവ്വതങ്ങളെ താലോലിച്ച്‌
നാളത്തെ ചരമവാർത്തകളെ കുറിച്ച്‌
വൃഥാ പന്തയം വെച്ച്‌
പദപ്രശ്നങ്ങൾ പൂരിപ്പിച്ച്‌ സമയം കൊല്ലാം.